ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ് - മുരുകൻ കാട്ടാകട -Murukan Kattakkada - വരികൾ / lyricaltaj




ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ് - മുരുകൻ കാട്ടാകട



 ഇതു പാടമല്ലെന്റെ ഹൃദയമാണ്

നെല്‍ക്കതിരല്ല കരിയുന്ന മോഹമാണ്;

ഇനിയെന്റെ കരളും പറിച്ചു കൊള്‍ക!

പുഴയല്ല കണ്ണീരിനുറവയാണ്; വറ്റി-

വരളുന്നതുയിരിന്റെയുറവയാണ്,

ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക!

കതിരു കൊത്താന്‍ കൂട്ടു കിളികളില്ല

കിളിയകറ്റാന്‍ കടും താളമില്ല

നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍

വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല

നാമ്പുകളുണങ്ങിയ നുകപ്പാടിനോരത്ത്

നോക്കുകുത്തിപ്പലക ബാക്കിയായി ..

ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക,

ബോധവുമെടുത്തു കൊള്‍ക, പാട്ടുകളെടുത്തു കൊള്‍ക!

കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍

വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍

മാനത്തു കണ്ണികള്‍ മാര ശരമെയ്യുന്ന

മാനസ സരസ്സാം ജലച്ചെപ്പുകള്‍

ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍

നാണിച്ചു നില്‍ക്കും കുളക്കോഴികള്‍

പോയ്മറഞ്ഞെങ്ങോ വിളക്കാല ഭംഗികള്‍

വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍

ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക!

വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു

ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു

ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക!

ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക,

ഇനിയെന്റെ കരളും പറിച്ചു കൊള്‍ക,

ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക,

ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക!



••••°°°°°°•••••••°°°°°°°•••••••°°°°°°°•••••••°°°°°°

മുരുകൻ കാട്ടാകട



LYRICAL TAJ 


No comments

Powered by Blogger.